കൃതിയും വൈശാഖും ഫേസ്ബുക് വഴി പരിചയപ്പെടുന്നത് മകള്‍ക്ക് നാലു മാസം പ്രായമുള്ളപ്പോള്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യല്‍ മീഡിയയില്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി വിവാഹ നിമിഷങ്ങള്‍
കൃതിയും വൈശാഖും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത് മകള്‍ക്ക് നാലു മാസം പ്രായമുള്ളപ്പോഴായിരുന്നു. ക്രമേണ ഈ സൗഹൃദം ദൃഢമായി. പിന്നീട് അധികം വൈകാതെ പ്രണയത്തിനും വഴിമാറി. കൃതിയുടെ ആദ്യ വിവാഹത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. ചില അസ്വാരസ്യങ്ങളുടെ പേരില്‍ ഇതോടെ ഇരുവരും ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഈ ബന്ധത്തിലാണ് കൃതിക്ക് മകളുള്ളത്.കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി കൃതിയുടെ വീട്ടിലുണ്ടായിരുന്നു. അപ്പോഴേക്കും ഇരുവരും വളരെയേറേ അടുത്തിരുന്നു.
കൃതിയുടെ വീട്ടുകാരില്‍ നിന്ന് ബന്ധത്തിന് വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായതോടെ 2018 ല്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവര്‍ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമായിരുന്നു ഇത്.
വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇതിനായി വായ്പയെടുക്കാന്‍ കൃതിയുടെ മാതാപിതാക്കളില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കള്‍ നല്‍കിയില്ല. തുടര്‍ന്ന് ദേഷ്യത്തിലായ വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താന്‍ മരണപ്പെട്ടാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭര്‍ത്താവെന്ന നിലയില്‍ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.
No comments:
Post a Comment